UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, നവംബർ 11, ബുധനാഴ്‌ച

മാണിയുടെ രാജി ജനാധിപത്യമൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്നത്


തിരുവനന്തപുരം∙ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് മന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള കെ.എം. മാണിയുടെ തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫോ താനോ കോൺഗ്രസ് ഹൈക്കമാൻഡോ കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ല. രാജി വയ്ക്കാനുള്ള തീരുമാനം അദ്ദേഹം സ്വയം കൈക്കൊണ്ടതാണ്. ബാർകോഴ കേസിൽ മാണി കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ.എം. മാണി രാജി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയും യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചനും മാധ്യമങ്ങളെ കണ്ടത്.

കേസ് വന്ന അന്നുമുതൽ മാണി കുറ്റവാളിയാണെന്ന് യുഡിഎഫ് വിശ്വസിച്ചിരുന്നില്ല. ആ നിലപാട് തന്നെയാണ് യുഡിഎഫിന് ഇപ്പോഴുമുള്ളത്. മാണി തെറ്റുചെയ്തെന്ന് വിശ്വസിക്കുന്നില്ല. കേസുമായി ബന്ധപ്പെട്ട് ചില ഹൈക്കോടതി പരാമർശങ്ങൾ വന്നിരുന്നു. സ്വന്തമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അദേഹം രാജിവച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ താനോ യുഡിഎഫോ അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസ് ഹൈക്കമാൻഡ് രാജി ആവശ്യപ്പെടാൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം കൊടുത്തുവെന്ന വാർത്തയും തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാണി പറയുന്നതിനനുസരിച്ച് പുതിയ മന്ത്രിയുടെ കാര്യവും അദേഹത്തിന് നൽകുന്ന വകുപ്പിന്റെ കാര്യവും തീരുമാനിക്കും. മാണിയുടെ രാജിയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിന് തുനിഞ്ഞ കോൺഗ്രസ് നേതാക്കളുടെ രീതിയോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


2015, നവംബർ 10, ചൊവ്വാഴ്ച

ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് വിശ്വമാനവികതയ്ക്ക് നല്‍കിയ സംഭാവനകള്‍ അതുല്യം


കോട്ടയം: ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് സമഭാവനയിലും സഹാനുഭൂതിയിലും സഹവര്‍ത്തിത്വത്തിലുമൂന്നിയ വിശ്വമാനവികത വളര്‍ത്തിയെടുക്കാന്‍ നല്‍കിയ സംഭാവനകള്‍ അതുല്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് ചെയറിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് രചിച്ച 'പാശ്ചാത്യ-പൗരസ്ത്യ തത്വചിന്തകള്‍' എന്ന ഗ്രന്ഥം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മാര്‍ ഗ്രിഗോറിയോസിന്റെ ഇതര രചനകള്‍ സര്‍വകലാശാലാ ലൈബ്രറിക്ക് സമ്മാനിച്ചു.


2015, നവംബർ 9, തിങ്കളാഴ്‌ച

ശ്രീ കെ. ആർ. നാരായണന് സ്മരണാഞ്ജലികൾ


ഇന്ന് നവംബർ 9 മുൻ രാഷ്‌ട്രപതി ശ്രീ കെ. ആർ. നാരായണന്റെ ചരമ വാർഷികം. കേരളത്തിന്റെ പെരുമ വാനോളം ഉയർത്തിയ അദ്ദേഹത്തിന് എന്റെ ആദരാജ്ഞലികൾ...

2015, നവംബർ 8, ഞായറാഴ്‌ച

ശബരിമല റോഡ് പണികള്‍ക്ക് കലണ്ടര്‍ സമ്പ്രദായം ഏര്‍പ്പെടുത്തും


പമ്പ: ശബരിമല റോഡുകളുടെ പണി കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കാന്‍ കലണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പമ്പയില്‍ ശബരിമല തീര്‍ഥാടന അവലോകനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത തീര്‍ഥാടന കാലത്തേക്കുള്ള കലണ്ടര്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് സെക്രട്ടറി മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി ഉത്തരവായി.

ശബരിമല റോഡ് കലണ്ടറില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ഏതൊക്കെ റോഡാണ് പണിയേണ്ടത്, ഹൈക്കോടതി നിര്‍ദ്ദേശിച്ച റോഡുകള്‍, പണിക്കുവേണ്ട തുക, എന്നത്തേക്ക് ഭരണാനുമതി, എപ്പോള്‍ ടെന്‍ഡര്‍, പണി തുടങ്ങുന്ന തിയ്യതി എന്നിവ കലണ്ടറില്‍ ഉണ്ടാകണം.


കലണ്ടറില്‍ ഉള്‍പ്പെട്ട കാര്യങ്ങള്‍ നിശ്ചിതസമയത്ത് പൂര്‍ത്തീകരിക്കണം. ശബരിമല ഫണ്ട് തീര്‍ഥാടനകാലം കഴിഞ്ഞാല്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃത്യസമയത്ത് വിനിയോഗം ഉറപ്പുവരുത്താനാണ് ഈ നിബന്ധനവയ്ക്കുന്നത്.

ഇക്കൊല്ലം ശബരിമല റോഡുകളുടെ പണി വൈകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഏതുകാരണം കൊണ്ടാണെങ്കിലും ആവര്‍ത്തിക്കരുത്. പണിയുടെ മേല്‍നോട്ടം എല്ലാ ദിവസവും നടത്താന്‍ പൊതുമരാമത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. 

പമ്പയിലെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ശേഷികൂട്ടുന്ന ജോലി ഈ തീര്‍ഥാടനകാലം കഴിഞ്ഞാലുടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെലുങ്കാന സംസ്ഥാനം നിലയ്ക്കലില്‍ ഏറ്റെടുക്കുന്ന ഇടത്ത് തീര്‍ഥാടക സഹായകേന്ദ്രം ഉടന്‍ തുടങ്ങുമെന്ന് അവിടത്തെ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഉടന്‍ അദ്ദേഹം എത്തി തറക്കല്ലിടും.

സന്നിധാനത്ത് പുതിയ സര്‍ക്കാര്‍ ആസ്​പത്രി നിര്‍മ്മാണം ഈ സീസണ്‍ കഴിഞ്ഞാലുടന്‍ തുടങ്ങുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. തീര്‍ഥാടന പാതയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ പാര്‍ലറുകള്‍ തുടങ്ങും. ഇവിടെ താല്‍ക്കാലിക ഷെഡ് നിര്‍മ്മാണത്തിന് വനംവകുപ്പ് അനുമതി നല്‍കും. സീസണ്‍ കഴിഞ്ഞാല്‍ ഇത് പൊളിച്ചുനീക്കും. ഇവിടെ ഹൃദയപുനരുജ്ജീവന യന്ത്രവും സ്ഥാപിക്കും.

ജനവിധി ഉൾക്കൊള്ളുന്നു; ബിജെപി വിജയം താൽക്കാലികം


തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ തിരിച്ചടിയുടെ കാരണം പഠിച്ച ശേഷം പാർട്ടിയിലും മുന്നണിയിലും സർക്കാരിലും ആവശ്യമായ തിരുത്തൽ വരുത്തുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തോൽവിയുടെ കാരണം തനിക്കു തുറന്നു പറയാനാവില്ലെന്നും അക്കാര്യം പാർട്ടിയിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. അതിന് എന്തെങ്കിലുമൊക്കെ സാഹചര്യം കാണും. അവ പരിശോധിച്ച് ജനാധിപത്യ രീതിയിൽ പരിഹാരം കാണാൻ ശ്രമിക്കും.

ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ആകെ തകർന്നുവെന്ന പ്രചാരണത്തിൽ കഴമ്പില്ല. 2010ലെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ യുഡിഎഫിനു കുറവു വന്നിട്ടുണ്ട്. എന്നാൽ ഇതു വരെ നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് നടത്തിയ രണ്ടാമത്തെ മികച്ച പ്രകടനമാണ് ഇത്തവണത്തേത്. ഇതിനെക്കാൾ മികച്ച പ്രകടനം 2010ൽ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇപ്പോൾ എൽഡിഎഫ് തരംഗമെന്നു പ്രചരിപ്പിക്കുന്നവർ 2010ൽ ഇതിനെക്കാൾ കൂടുതൽ സീറ്റ് യുഡിഎഫ് നേടിയിട്ടും യുഡിഎഫ് തരംഗമുണ്ടായെന്നു പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരിടത്തും ബിജെപിയുമായി സഖ്യത്തിനില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ നേടിയതിന്റെ പകുതി സീറ്റുകൾ മാത്രമാണ് ബിജെപി നേടിയത്. നേതൃമാറ്റമടക്കം ആഴത്തിലുള്ള ചികിൽസ വേണമോയെന്ന് ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


യുഡിഎഫ് തകർന്നെന്ന പ്രചാരണം തെറ്റ്; കോട്ടമൊന്നും സംഭവിച്ചിട്ടില്ല


തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട ഫലം പ്രതീക്ഷിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് തകർന്നുവെന്ന പ്രചാരണം തെറ്റ്. യുഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞിരുന്നു. പോരായ്മകൾ അറിയാനുള്ള സാഹചര്യമാണിത്. പാർട്ടി, സർക്കാർ, മുന്നണി തലത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. ഇതുവരെ നടന്ന തദ്ദേശതിരഞ്ഞെടുപ്പുകളിൽ 2010 കഴിഞ്ഞാൽ നേട്ടമുണ്ടാക്കിയത് 2015ൽ ആണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

2015, നവംബർ 6, വെള്ളിയാഴ്‌ച

ഭാഷാ തീവ്രവാദം നല്ലതല്ല


മലയാളഭാഷാനിയമം വേഗം നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഭാഷയുടെ പേരില്‍ തീവ്രവാദം സ്വീകരിക്കുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

മലയാളഭാഷാനിയമം കേരളം കാതോര്‍ത്തിരിക്കുന്ന കാര്യമാണ്. എന്നാല്‍ ഭാഷാന്യൂനപക്ഷങ്ങളെ കൂടി ഉള്‍ക്കൊണ്ട് വേണം സര്‍ക്കാരിന് തീരുമാനമെടുക്കാന്‍. ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളം - ശ്രേഷ്ഠഭാഷാദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സഹായമോ പിന്തുണയോ നല്‍കിയിട്ടില്ല. ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത് ഏറെക്കാലത്തെ ശ്രമത്തിനൊടുവിലാണ് - മുഖ്യമന്ത്രി പറഞ്ഞു.

2015, നവംബർ 5, വ്യാഴാഴ്‌ച

യുഡിഎഫിന് ആത്മവിശ്വാസമുണ്ട്, ഇത്തവണയും ജനങ്ങൾ വിജയിപ്പിക്കും


പുതുപ്പള്ളി ∙ യുഡിഎഫിന്റെ ഐക്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും തിരഞ്ഞെടുപ്പിൽ അതു പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫിനെ ജനങ്ങൾ ഇത്തവണയും വിജയിപ്പിക്കും. യുഡിഎഫിന് ആത്മവിശ്വാസമുണ്ട്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ജനം തള്ളും. ബാർ കോഴ കോടതിവിധി ഒരിക്കലും തിരിച്ചടിയാവില്ല. അതിന്റെ മൂർധന്യത്തിൽ നിൽക്കുമ്പോഴാണ് അരുവിക്കര തിരഞ്ഞെടുപ്പ് എന്ന് ഓർക്കണം. മന്ത്രി കെ.എം. മാണി രാജിവയ്ക്കേണ്ടതില്ലെന്ന് കോടതി വിധി വന്നയുടനെ തന്നെ താൻ പ്രതികരിച്ചിരുന്നുവെന്നും ഇപ്പോഴും അതുതന്നെയാണ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതി വിധി മാത്രം ചർച്ചചെയ്യാനല്ല കെപിസിസി യോഗം ചേരുന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞ് ചർച്ചചെയ്യാൻ വേറെയും കാര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് വ്യാപകമായി വോട്ടിങ് യന്ത്രം കേടായത് തിരഞ്ഞെടുപ്പു കമ്മീഷൻ പരിശോധിക്കുന്നുവെന്നാണ് അറിഞ്ഞതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.



2015, നവംബർ 3, ചൊവ്വാഴ്ച

അക്രമരാഷ്ട്രീയവും വര്‍ഗീയതയും കേരളം അംഗീകരിക്കില്ല


പാലക്കാട്: സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയവും ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയും കേരളം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചാലിശ്ശേരിയില്‍  സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമരാഷ്ട്രീയവും  നിഷേധാത്മക സമീപനവും സിപിഎമ്മിനെ ജനങ്ങളില്‍ നിന്ന് അകറ്റിയിരിക്കുകയാണ്. അക്രമരാഷ്ട്രീയത്തിന്റെ ഭാഗമായി സി.പി.എം പുതിയൊരു ആയുധം കൂടി സിപിഎം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് ഒന്നരക്കിലോ നായ്കുരണപൊടിയാണ് പോലീസ് പിടിച്ചെടുത്തത്-മുഖ്യമന്ത്രി പറഞ്ഞു. 

യു.ഡി.എഫ് അധികാരമേല്‍ക്കുമ്പോള്‍ രണ്ട് എം.എല്‍.എമാരുടെ ഭൂരിപക്ഷവുമായി ആറ് മാസം തികയ്ക്കുമോ എന്നായിരുന്നു ചര്‍ച്ചയെങ്കില്‍ ഇപ്പോള്‍ ഭരണത്തുടര്‍ച്ചയെ കുറിച്ചാണ് ചര്‍ച്ചകള്‍. മുന്‍സര്‍ക്കാരിന്റെ കാലത്ത് ലോട്ടറിയെന്നാല്‍ സാന്റിയാഗോ മാര്‍ട്ടിനെയായിരുന്നു ഓര്‍മ്മ വരിക.  എന്നാല്‍ ഇന്ന് ലോട്ടറിയെന്നാല്‍ അത് കാരുണ്യയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളാണ് യു.ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍-മുഖ്യമന്ത്രി പറഞ്ഞു.

2015, നവംബർ 1, ഞായറാഴ്‌ച

അലച്ചിലോട് അലച്ചില്‍ ; ഉമ്മന്‍ചാണ്ടി 72ലേക്ക്

പതിവ് അലച്ചിലല്ലാതെ ഇത്തവണയും പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ല.

അനിഴക്കാരന് അലച്ചിലാണ് വിധി. അനിഴം നക്ഷത്രക്കാരനായ മുഖ്യമന്ത്രി അലഞ്ഞലഞ്ഞ് 72-ല്‍ എത്തി. ശനിയാഴ്ച മുഖ്യമന്ത്രിയുടെ 72-ാം പിറന്നാളാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എല്ലാ ജില്ലകളിലുമെത്തിയ മുഖ്യമന്ത്രി അവസാന വട്ട പ്രചാരണത്തിനായി ശനിയാഴ്ച കോട്ടയത്താണ്. പതിവ് അലച്ചിലല്ലാതെ ഇത്തവണയും പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ല.

നിര്‍ബന്ധമായും ശബ്ദനിയന്ത്രണം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അരുവിക്കര തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴായിരുന്നു തൊണ്ട പ്രശ്‌നമുണ്ടാക്കി തുടങ്ങിയത്. കാലിനും നീരുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ മുക്കുംമൂലയും അരിച്ചുപെറുക്കുന്ന മുഖ്യമന്ത്രി ദിവസേന പത്ത് യോഗങ്ങളിലെങ്കിലും പ്രസംഗിക്കും. അതിനിടക്ക് നൂറു കണക്കിന് ഫോണ്‍ വിളികള്‍, കൂടിയാലോചനകള്‍, ഭരണപരമായ ഇടപെടലുകള്‍... കെ.എസ്.യു. കാലത്ത് തുടങ്ങിയ അലച്ചില്‍ ഇപ്പോഴും തുടരുന്നു. ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് വന്നപ്പോള്‍ പുതിയ ശീലങ്ങള്‍ക്ക് അവസരമുണ്ടായെങ്കിലും അലച്ചില്‍ അദ്ദേഹത്തിന്റെ ശൈലിയായി മാറിയിരുന്നു.

1982-87-ല്‍ കെ.കരുണാകരന്റെ മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കിയശേഷം ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി കാലാവധി പൂര്‍ത്തിയാക്കാന്‍ പോകുന്നുവെന്ന വിശേഷവും ഉമ്മന്‍ചാണ്ടിക്കുണ്ട്. കരുണാകരന് 77 പേരുടെ പിന്തുണയുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് 72 പേരുടെയും. ആറ് മാസമാണ് ഉദാരമായി മന്ത്രിസഭയ്ക്ക് അനുവദിച്ചിരുന്നതെന്ന് മുഖ്യമന്ത്രി തന്നെ പറയും. എന്നാല്‍ അത് കടന്ന് അടുത്ത തിരഞ്ഞെടുപ്പില്‍ ആര് നയിക്കും എന്നത് വരെയായി ചര്‍ച്ച. ഇതിനിടയില്‍ മൂന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പും ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പും വിജയിച്ചെന്ന ഖ്യാതിയുമുണ്ട്.

പ്രതിസന്ധികള്‍ അതിജീവിക്കുന്നത് മറ്റാരും കാണാത്ത കോണുകളില്‍ നിന്ന് പരിഹാരം കണ്ടെത്തിക്കൊണ്ടായിരിക്കുമെന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേകത. സോളാര്‍ കേസും അതിന് പിന്നാലെ വന്ന സി.പി.എമ്മിന്റെ വന്‍പ്രക്ഷോഭവുമായിരുന്നു ഏറ്റവും വലിയ അഗ്നിപരീക്ഷ. മുഖ്യമന്ത്രിക്കെതിരെ വഴിതടയല്‍ തുടങ്ങിയപ്പോള്‍ ജനസമ്പര്‍ക്ക പരിപാടി എല്ലാ ജില്ലകളിലും നടത്തിയത്, വഴിതടയാന്‍ വരുന്നവരെ ജനം തടയുമെന്ന സ്ഥിതിയുണ്ടാക്കി.

സെക്രട്ടേറിയറ്റ് സ്ഥിരമായി വളഞ്ഞപ്പോള്‍ സെക്രട്ടേറിയറ്റിന് അവധി നല്‍കി. അഞ്ചാം മന്ത്രി വന്നപ്പോള്‍ തിരുവഞ്ചൂരിന് ആഭ്യന്തര വകുപ്പ് കൈമാറി സാമുദായിക സന്തുലനത്തിന് ശ്രമം നടത്തി. 480 ബാര്‍ പൂട്ടുന്നത് വിവാദത്തിലായപ്പോള്‍ മുഴുവന്‍ ബാറുകളും പൂട്ടി. ഒടുവില്‍ ബാര്‍ കോഴ കേസില്‍ കെ.എം.മാണി എന്തുകൊണ്ട് രാജിവെക്കേണ്ടയെന്ന് വിശദീകരിക്കാന്‍ പാമോയില്‍ കേസില്‍ താന്‍ രാജിവെക്കാഞ്ഞത് ഉദാഹരണമായി ചൂണ്ടിക്കാട്ടി പ്രതിരോധം.

മുഖ്യമന്ത്രിയുടെ തന്ത്രവും നയതന്ത്രവുമാണ് സര്‍ക്കാറിന്റെ ആണിക്കല്ലെന്ന് എതിരാളികള്‍ പോലും വിശേഷിപ്പിക്കും.  വന്‍കിട വികസന പദ്ധതികള്‍ക്കൊപ്പം ഒട്ടേറെ ക്ഷേമ നടപടികള്‍കൂടി നടപ്പാക്കിയതോടെ കാരുണ്യത്തിന്റെ മുഖംകൂടി വന്നുവെന്നത് മുഖ്യമന്ത്രിപദത്തിലെ രണ്ടാമൂഴത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സ്വീകാര്യത കൂട്ടുന്നു.